തിരുവനന്തപുരം: സിറാജ് തിരുവനന്തപുരം മുൻ ബ്യൂറോ ചീഫ് കെ.എം. ബഷീർ വാഹനാപകടത്തിൽ കൊല്ലപ്പെട്ട കേസിൽ പ്രതി ശ്രീറാം വെങ്കിട്ടരാമനെ സാക്ഷി കോടതിയിൽ തിരിച്ചറിഞ്ഞു. രണ്ടാം സാക്ഷിയും ഓട്ടോ ഡ്രൈവറുമായ മണികണ്ഠനാണ് തിരുവനന്തപുരം നാലാം അഡീഷണൽ സെഷൻസ് കോ ടതിയിൽ മൊഴി നൽകിയത്.
അപകടസ്ഥലത്തുണ്ടായിരുന്നത് കൂട്ടിൽ നിൽക്കുന്ന ശ്രീറാം വെങ്കിട്ടരാമൻ തന്നെയാണെന്നു സാക്ഷി വിചാരണവേളയിൽ സ്ഥിരീകരിച്ചു. താടിവെച്ച ഒരാൾ അമിതവേഗതയിൽ ഓടിച്ച കാറാണ് അപകടമുണ്ടാക്കിയതെന്ന വിവരമറിഞ്ഞാണ് താൻ സ്ഥലത്തെത്തിയത്. അപകടമുണ്ടാക്കിയ കാർ ഓടിച്ചത് ശ്രീറാമാണെന്ന് അപ്പോഴാണ് മനസിലായതെന്നും കൂടെയുണ്ടായിരുന്ന സുഹൃത്ത് പേര് "വഫ' എന്നു പോലീസിനോടു പറയുന്നത് കേട്ടതായും മണികണ്ഠൻ മൊഴി നൽകി.
അതേസമയം, കാർ അമിതവേഗതയിൽ ഓടിച്ചുവരുന്നത് താൻ നേരിട്ട് കണ്ടിട്ടില്ലെന്നും പ്രതി മദ്യപിച്ചിരുന്നോ എന്നു തിട്ടപ്പെടുത്താൻ കഴിഞ്ഞിരുന്നില്ലെന്നും പ്രതിഭാഗത്തിന്റെ ചോദ്യങ്ങൾക്ക് മറുപടിയായി സാക്ഷി വ്യക്തമാക്കി. 2019 ഓഗസ്റ്റ് മൂന്നിനു പുലർച്ചെയാണ് ശ്രീറാം വെങ്കിട്ടരാമനും സുഹൃത്ത് വഫ ഫിറോസും സഞ്ചരിച്ചിരുന്ന കാറിടിച്ച് കെ.എം. ബഷീർ കൊല്ലപ്പെടുന്നത്. നിലവിൽ സ്കിൽസ് എക് സലൻസി അക്കാദമി മാനേജിംഗ് ഡയറക്ടറായ ശ്രീറാം വെങ്കിട്ടരാമനാണ് കേസിൽ പ്രതി. മനഃപൂർവമല്ലാത്ത നരഹത്യ, അപകടകരമായ രീതിയിൽ വാഹനമോടിക്കൽ, മദ്യപിച്ച് വാഹനമോടിക്കൽ, തെളിവ് നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്.